തൃശൂര്‍ : മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നില്‍ വീണ്ടും കേരളത്തെ നാണം കെടുത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്. ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും നടന്നിട്ടും അപലപിക്കാനോ ഗൗരവത്തോടെ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് വേദനാജനകമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ ആക്രമണമാണ് നടന്നത്. അതിഥി തൊഴിലാളികള്‍ എന്ന മധുര വര്‍ത്തമാനത്തിനപ്പുറം സര്‍ക്കാറിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഒരു താല്പര്യവുമില്ല എന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാട്ടി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യത്തില്‍ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്കാരിക നായകരും ഇവിടെ മൗനത്തിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മൃതദേഹം കാണാനോ പോലും മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ,ജനപ്രതിനിധികളോ തയ്യാറാകുന്നില്ല.
കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിന് കളങ്കമാണിത്. മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിരമായി 50 ലക്ഷം രൂപ സഹായധനം നല്‍കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളും മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനവും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകള്‍ ദേശീയ ഏജന്‍സികള്‍ മാത്രമാണ് അന്വേഷിക്കുന്നത്. കേരള പോലീസിന് മയക്കുമരുന്ന് പിടികൂടുന്നതിൽ ഒരു താല്പര്യവും ഇല്ലെന്നും സുരേന്ദ്രന് പറഞ്ഞു. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയിട്ടും കേരളസര്‍ക്കാരിന് അനക്കമില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നിര്‍ബാധം നടക്കുകയാണ്. കേരള പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മയക്കുമരുന്ന് ഒഴുകുന്നതില്‍ ഭരണകക്ഷി നേതാക്കളായ ചിലര്‍ക്കും പങ്കുണ്ട്. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ് . ഏത് ക്രിമിനലുകള്‍ക്കും സുരക്ഷിത സ്ഥാനമായി കേരളം മാറി. നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ,ജില്ലാ വൈസ് പ്രസിഡൻ്റ് സുജയ് സേനന്, തൃശ്ശൂര്‍ മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് .സി. മേനോന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.