തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാർഷിക രീതികൾ പഠിക്കാൻ കേരള സംഘത്തെ ഇസ്രായേലിലേക്ക് അയക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേരള കൃഷിമന്ത്രിയുടെയും സംഘത്തിൻ്റെയും ഇസ്രയേൽ യാത്ര ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
വിദേശയാത്ര ആവശ്യമാണെങ്കിൽ നയപരമായി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹർജി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ആവർത്തിക്കുന്നതിനിടെയാണ് 2 കോടി രൂപ മുടക്കി മന്ത്രിയും കർഷകരും അടങ്ങുന്ന സംഘം ഇസ്രയേൽ യാത്ര നടത്തുന്നത്.