മനാമ: മെന്റലിസത്തെ മലയാളികൾക്ക് മുന്നിൽ സുപരിചിതമാക്കിയ ആദി ആദ്യമായി ബഹ്റൈനിൽ എത്തുന്നു. മഴയുടെ കുളിരിൽ, സംഗീതത്തിൽ അലിഞ്ഞുചേർന്ന് മെന്റലിസത്തിൻറെ മാസ്മരികത ആസ്വദിക്കാൻ ഗൾഫ് മാധ്യമം വേദിയൊരുക്കുന്ന റെയ്നി നെറ്റിലൂടെ (RAINY NIGHT).
മെന്റലിസ്റ്റ് ആദിയ്ക്ക് ഒപ്പം പ്രശസ്ത പിന്നണി ഗായിക സിതാരയും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും ഒപ്പം ചേരുന്നു. മലയാളികളെ കോരിത്തരിപ്പിച്ച ഒരുപിടി ഗാനങ്ങൾ പ്രേക്ഷക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്ന രാവിലേക്ക് ഏവരെയും ഗൾഫ് മാധ്യമം സ്വാഗതം ചെയ്യുന്നു…For Tickets: 34619565
Book Online : wanasatime.com
രഹസ്യങ്ങളുടെ നിരവധി അടരുകൾ നിറഞ്ഞതാണ് മനസ്സ്. മറ്റൊരാളെയും കടന്നുവരാൻ അനുവദിക്കാതെ മാന്ത്രികപ്പൂട്ടിട്ട് പൂട്ടിയ മനസ്സിനകത്തേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞെങ്കിലെന്ന് വെറുതെയെങ്കിലും നാം ആഗ്രഹിച്ചു പോകാറുണ്ട്. ഇങ്ങനെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് വിസ്മയം തീർക്കുന്ന ആദി ബഹ്റൈനിലെ പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റാൻ എത്തുന്നു. ബഹ്റൈൻ പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹമ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ മേയ് 27ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റ് സംഗീത പരിപാടിയാണ് ബഹ്റൈനിൽ ആദ്യമായി ഇദ്ദേഹത്തിന് വേദിയൊരുക്കുന്നത്.
മാജിക്കും ഹിപ്നോട്ടിസവും മെന്റലിസവും സമ്മേളിക്കുന്ന വിസ്മയ പ്രകടനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. മനുഷ്യരുടെ പെരുമാറ്റങ്ങളെയും ചിന്തകളെയും വിശദമായി കൈകാര്യം ചെയ്ത് നിരൂപണം നടത്തുന്ന വിദ്യയാണ് മെന്റലിസം. കൃത്യമായ ലക്ഷ്യത്തിലേക്ക് ഒരാളെ അയാളറിയാതെ തന്നെ എത്തിക്കുന്ന പ്രതിഭാസം. മനസ്സിന്റെ പൂട്ട് തുറന്ന് ചിന്തകളെ വായിക്കുന്ന മാന്ത്രികത. മറ്റുള്ളവർ പുസ്തകം വായിക്കുന്നതുപോലെ ആദർശ് എന്ന മെൻറലിസ്റ്റ് ആദി മനസ്സ് വായിക്കുന്നു. ചിലപ്പോൾ മാജിക്കെന്ന് നമുക്ക് തോന്നും. മറ്റ് ചിലപ്പോൾ ഹിപ്നോട്ടിസമെന്നും. മുന്നിൽ നിൽക്കുന്നയാളുടെ ചിന്തകളെ സ്വാധീനിച്ച് താൻ ഉദ്ദേശിക്കുന്ന ഒരു തലത്തിലേക്ക് കൊണ്ടുവരുന്ന അത്ഭുതമാണ് അവിടെ നടക്കുക. ഇഷ്ടമുള്ള ഒരു പാട്ടോ, അല്ലെങ്കിൽ വലിയൊരു പുസ്തകത്തിലെ ഒരു വാക്കോ മനസ്സിൽ തെരഞ്ഞെടുത്താൽ അത് വായിച്ചെടുത്ത് ആദി പറയുമ്പോൾ പ്രേക്ഷകർ അത്ഭുതം കൂറി നിൽക്കും. നിരവധി ഷോകളിലൂടെ മെന്റലിസത്തെ മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയ ആദി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ്.
മനസ്സിന്റെ വ്യാപാരങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും വായനയും പഠനവും ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ആദി മെന്റലിസത്തെ ജനകീയമാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. കുറ്റാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും ആദിയുടെ സഹായം തേടാറുണ്ട്. മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ ആയി ജയസൂര്യ അഭിനയിച്ച ‘പ്രേതം’മെന്റലിസത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമയാണ്. ഇത് പുറത്തിറങ്ങിയശേഷം ആളുകൾ മെന്റലിസത്തെക്കുറിച്ച് അന്വേഷിക്കുന്നത് വർധിച്ചു. ബഹ്റൈനും കാത്തിരിക്കുകയാണ്; മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്ന് അത്ഭുതങ്ങളുടെ മേച്ചിൽപുറങ്ങളിലേക്ക് നയിക്കുന്ന ആദിയുടെ വിസ്മയ പ്രകടനത്തിനായി.”