തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ വ്യവസായ മന്ത്രി പി.രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അതതു സ്ഥാപനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ളാനുകളാണ് കൈമാറിയത്. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലീകരണ – വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലൂടെ മുന്നോട്ടുവക്കുന്നത്.
മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികള്‍ 2030 ല്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും. ഷോര്‍ട്ട് ടേം നിക്ഷേപം – 2659 കോടി രൂപ , മിഡ് ടേം നിക്ഷേപം – 2833.32 കോടി രൂപ , ലോങ്ങ് ടേം നിക്ഷേപം – 3974 .73 കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം.
എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17538 കോടി രൂപയാകുകയും ചെയ്യും.
പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിൽ ജോലി ചെയ്യുന്ന 14,700 പേര്‍ക്ക് പുറമെ 5464 പേര്‍ക്ക് കൂടി ജോലി പുതിയതായി ലഭിക്കുന്നതാണ്. അതായത് 2030 ആകുമ്പോള്‍ 41 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 20164 ആയി വര്‍ധിക്കും.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കാനാരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥാപനങ്ങൾ കരട്പദ്ധതി അവതരിപ്പിച്ചു.
അതിനു ശേഷം വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ , തൊഴിലാളി സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കുകയും ചെയ്തു.
കെമിക്കല്‍, ഇലക്ട്രിക്കല്‍, എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റയില്‍സ്, സെറാമിക്സ് ആന്‍ഡ് റിഫ്റാക്ടറീസ്, ട്രഡീഷണല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ ഏഴ് സെക്ടറുകളിലായി വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ മാസ്റ്റര്‍പ്ലാനുകള്‍ ഇപ്രകാരം രൂപപ്പെടുത്തി.
മാസ്റ്റർ പ്ളാനിന്റെ നിർവ്വഹണം അതിവേഗം നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, റിയാബ് ചെയർമാൻ ഡോ. അശോകൻ, സെക്രട്ടറി പത്മകുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.