ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും കഴിഞ്ഞ വർഷം ഡിസംബറിലാണ് വാടകഗർഭധാരണ പ്രക്രിയ ആരംഭിച്ചതെന്നും ദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിയാതെ വാടക ഗർഭധാരണം നടത്താൻ നിലവിൽ നിയമം അനുവദിക്കുന്നില്ല. തമിഴ്നാട് സർക്കാർ കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചിരുന്നു. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.