തിരുവനന്തപുരം: ‘ഒരു കിലോയിൽ താഴെ കഞ്ചാവ് കൈയിൽ സൂക്ഷിക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ നിയമഭേദഗതി സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. മരുന്ന് നിർമ്മാണത്തിന്റെ മറവിൽ ഒരു കിലോയിൽ താഴെ കഞ്ചാവ് ചെറിയ പൊതികളിലാക്കി സൂക്ഷിച്ച് വിൽക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. എന്നാൽ ഈ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെ കെണിയിൽ വീഴ്ത്തുന്ന ഒരു ഭീഷണിയാണ്. വരുംതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന് ഒപ്പമുണ്ടാകും. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിപക്ഷം തന്നെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എക്സൈസും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം ഒരു പ്രധാന ഭീഷണിയാണ്. ലഹരി സ്കൂളുകളിൽ എത്തുന്നു. സർക്കാർ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.