തിരുവനന്തപുരം : നയതന്ത്ര ചാനൽവഴി എത്തിച്ച ഖുറാൻ ചട്ട വിരുദ്ധമായി വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഏഴുമണിക്കൂറിലധികമാണ് ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഖുറാൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീലിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഖുറാൻ എത്തിച്ചതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചോ എന്നീ കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ജലീലിനോട് ചോദിച്ചറിഞ്ഞത് എന്നാണ് വിവരം.


