മനാമ: ഇന്ത്യൻ സ്കൂളിൽ 2023-2026 കാലയളവിലേക്കുള്ള ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി. ബിനു മണ്ണിൽ വറുഗീസിന്റെ നേതൃത്വത്തിലുള്ള പാനൽ വിജയികളായി. അടുത്ത ടേമിലേക്ക് സ്കൂൾ ഭരണ സമിതിയിലേക്ക് ഇനിപ്പറയുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
1.ബിനു മണ്ണിൽ വറുഗീസ്
2.മുഹമ്മദ് ഫൈസൽ
3.മിഥുൻ മോഹൻ
4.രഞ്ജിനി മോഹൻ
5.ബോണി ജോസഫ്
6.ബിജു ജോർജ്
7.രാജപാണ്ഡ്യൻ വരദ പിള്ള
ആറ് സ്ഥാനാർത്ഥികൾ പ്രോഗ്രസീവ് പാരന്റ്സ് അലയൻസിന്റെ (പിപിഎ) ഭാഗമായിരുന്നു. അതേസമയം ബിജു ജോർജ്ജ് യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യുപിപി) ചെയർമാൻ സ്ഥാനാർത്ഥിയായിരുന്നു. സ്കൂൾ ഭരണ സമിതിയിലേക്ക് സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് മിഡിൽ വിഭാഗം പ്രധാന അധ്യാപിക പാർവതി ദേവദാസനെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർമാരായ വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കാൻ സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു.
വാശിയോടെ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ പാനലുകളെ പ്രതിനിധീകരിച്ച് 22 സ്ഥാനാർത്ഥികൾ പങ്കെടുത്തു. വെള്ളിയാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന്റെ (എജിഎം) ആദ്യ അജണ്ടയായിരുന്നു തിരഞ്ഞെടുപ്പ്. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഓണററി സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണക്കു നന്ദി അറിയിച്ചു.