മലപ്പുറം: നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരകൾ ആയവർക്ക് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം നടന്നു. ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെ പി വി അബ്ദുൽ വഹാബ് എംപി ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറി.
35 വീടുകൾ ആണ് എം എ യൂസഫലി കവളപ്പാറയിൽ നിർമിച്ചത്. തിങ്കളാഴ്ച ആയിരുന്നു താക്കോൽ ദാനം. പി വി അബ്ദുൽ വഹാബ് എംപി യുടെ മേൽനോട്ടത്തിൽ ആയിരുന്നു വീടുകളുടെ നിർമ്മാണം. ഇതിന് ആവശ്യമായ ഭൂമി സർക്കാർ വാങ്ങി നൽകിയിരുന്നു.യൂസഫലിയുടെ സൗകര്യാർഥം ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു.
2019 ആഗസ്റ്റ് എട്ടിനാണ് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ മുത്തപ്പൻ മല ഇടിഞ്ഞ് 59 പേര് മണ്ണിനടിയിൽ പെട്ടത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ 48 പേരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. അന്ന് വീടും സ്ഥലവും നഷ്ടമായ ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം ഇപ്പൊൾ അവസാനഘട്ടത്തിൽ ആണ്.
2020 ഫെബ്രുവരിയിൽ ആണ് എം എ യൂസഫലി സ്പോൺസർ ചെയ്ത വീടുകളുടെ നിർമ്മാണം ഭൂദാനത്ത് തുടങ്ങിയത്. ഗുണഭോക്താക്കളെ നറുക്കിട്ട് തെരഞ്ഞെടുക്കുക ആയിരുന്നു. കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നിർമാണത്തെ ബാധിച്ചു.
മേഖലയിലേക്ക് റോഡ് വെട്ടി, സ്ഥലം കല്ല് കെട്ടി ഉയർത്തി, സുരക്ഷിതമാക്കി ആണ് വീടുകളുടെ നിർമ്മാണം തുടങ്ങിയത്. രണ്ട് മുറിയും ഹാളും കിച്ചനും അടക്കം ഏറെ സ്ഥലസൗകര്യം ഉള്ള മികച്ച രീതിയിൽ നിർമിച്ചതാണ് വീടുകൾ.
നിർമാണം പൂർത്തിയായ വീടുകളിലേക്ക് അവശ്യ ഗൃഹോപകരണങ്ങൾ അടക്കം എല്ലാം കൈമാറി. ആകെ 4.15 കോടി രൂപ ആണ് നിർമാണത്തിന് ചെലവ് വന്നത്. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകി. എം എ യൂസഫലി രണ്ടര കോടിയോളം രൂപ ചെലവ് ചെയ്തു. ബാക്കി തുക പിവി അബ്ദുൽ വഹാബ് എം പി ആണ് കണ്ടെത്തിയത്.