കൊച്ചി: കേരളാ ബാങ്കിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാതെയാണ് കേരളാ ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവർത്തിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം. ബാങ്കിംഗ് നിയന്ത്രണ നിയമ പ്രകാരം 20 ശാഖകളുടെയും 3 റീജിയണൽ ഓഫീസുകളുടെയും പ്രവർത്തനത്തിനു മാത്രമാണു ബാങ്കിന് ആർ.ബി.ഐ ലൈസൻസ് ലഭിച്ചത്. അതിനാൽ ലൈസൻസില്ലാത്ത ശാഖകൾ പൂട്ടുവാൻ ആർ.ബി.ഐ.യ്ക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ലൈസൻസിനു വേണ്ടി നൽകിയ അപേക്ഷ തള്ളാത്ത പക്ഷം ശാഖകളുടെ പ്രവർത്തനം നിയമവിരുദ്ധമാകില്ലെന്നാണ് ആർ.ബി.ഐയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, കേരളാ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതും അനുമതിയില്ലാതെയാണെന്നാണ് ഹർജിക്കാരുടെ വാദം. ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാനാണ് ഇന്ന് വിധി പറയുക.