കൊച്ചി : വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. പ്രതികളെ വെറുതെവിട്ടതിനെതിരെ പെൺകുട്ടികളുടെ രക്ഷിതാക്കളും, സർക്കാരും നൽകിയ ഹർജിയിലാണ് നടപടി.
പ്രതികളായ വി.മധു, ഷിബു, എം. മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്സോ കോടതിയായിരുന്നു വെറുതെ വിട്ടത്. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് രക്ഷിതാക്കളും, സർക്കാരും കോടതിയെ സമീപിച്ചത്. പ്രതികളിലൊരാളായ പ്രദീപ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് , വിചാരണ കോടതി, പ്രോസിക്യൂഷൻ എന്നിവയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്. തുടക്കം മുതൽ പ്രതികൾക്കനുകൂലമായ രീതിയിലായിരുന്നു പോലീസ് കേസ് അന്വേഷിച്ചിരുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആരംഭം മുതൽ പോലീസ് പ്രതികളുമായി ഒത്തുകളിക്കുകയായിരുന്നു. മൂത്ത പെൺകുട്ടി പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടും രണ്ടാമത്തെ പെൺകുട്ടിയ്ക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയില്ല. പ്രോസിക്യൂഷൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചില്ല. പ്രധാന സാക്ഷികളെ വിസ്തരിച്ചില്ല. സംശയത്തിന്റെ ആനൂകൂല്യം നിലനിൽക്കുമ്പോഴും പോക്സോ കോടതികൾ ഇരയ്ക്ക് അനുകൂലമായ രീതിയിൽ നിലപാട് സ്വീകരിക്കണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് പുനർവിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്.
അതേസമയം കോടതിയുടെ മേൽ നോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി നിരാകരിച്ചു.