ഒടിടി റിലീസിലൂടെ ഭാഷയുടെ അതിരുകള്‍ കടന്ന് വിജയം നേടിയ മലയാള ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന് (The Great Indian Kitchen) ജപ്പാനില്‍ തിയറ്റര്‍ റിലീസ്. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം.
ചിത്രത്തിന്റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോമോന് ജേക്കബ് പറഞ്ഞു. പ്രാദേശിക ഒടിടി പ്ലാറ്റ്ഫോം ആയ നീസ്ട്രീമിലൂടെ പേ പെര് വ്യൂ മാതൃകയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.

നിത്യജീവിതത്തിലെ ലളിതമായ ഉദാഹരണങ്ങള്‍ നിരത്തി പുരുഷാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിച്ച ചിത്രത്തെക്കുറിച്ച് ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രം വന്‍ വിജയം നേടിയതോടെ ആമസോണ്‍ പ്രൈം അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളിലേക്കും ചിത്രം പിന്നീട് പ്രദര്‍ശനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മൂന്ന് വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടുയിരുന്നു.
