തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിലെത്താനിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഇടുക്കി ജില്ലാ ഹർത്താൽ ആരംഭിച്ചു. ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം ആരംഭിച്ചു.
ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. ഗവർണർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ നിശ്ചയിച്ച പരിപാടിക്കായി ഇന്നു 11.30നു തൊടുപുഴയിലെത്തും. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് ആലുവയിലെത്തിയ ഗവർണർ ഇന്നു രാവിലെ 9.30നു തൊടുപുഴയ്ക്കു പുറപ്പെടും. ബില്ലിൽ ഒപ്പിടാത്തതിനു കാരണം സർക്കാരിന്റെ നിലപാടാണെന്നു ഗവർണർ ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിക്കെതിരായി തനിക്കു ലഭിച്ച പരാതികൾ സർക്കാരിലേക്ക് അയയ്ക്കുകയും 3 തവണ ആവശ്യപ്പെടുകയും ചെയ്തിട്ടും സർക്കാർ മറുപടി തന്നില്ലെന്നും ഗവർണർ പറഞ്ഞു.