കൊച്ചി: സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്ന് ഹൈക്കോടതി. ഓഗസ്റ്റ് പത്തിനകം ജൂലൈയിലെ ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്ക് പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ സ്വത്തുക്കൾ വിൽക്കുകയോ ചെയ്യേണ്ടി വരും. ഏതായാലും സർക്കാർ ഇടപെട്ടാൽ മാത്രമേ അത് സംഭവിക്കൂ. കോടതി നിർദ്ദേശം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ അത് നടപ്പാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ശമ്പള വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മന്ത്രിമാരും ട്രേഡ് യൂണിയനുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയുടെ തീരുമാനം അറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് ഹർജി 24 ലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സിയുടെ ആസ്തികളുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഗതാഗത, തൊഴിൽ വകുപ്പ് മന്ത്രിമാരുമായും യൂണിയനുകളുമായും ഇന്നലെ ചർച്ച നടത്തിയതായും സർക്കാർ അറിയിച്ചു. കോടതി ഉത്തരവ് മാനിച്ചിരുന്നെങ്കിൽ യോഗം നേരത്തെ നടത്തുമായിരുന്നുവെന്ന് കോടതി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കാമെന്ന് പറഞ്ഞിട്ട് എന്താണ് സംഭവിച്ചതെന്ന് കോടതി ചോദിച്ചു. യോഗം ഔദ്യോഗികമായി നടന്നില്ലെങ്കിലും മറ്റ് ചർച്ചകൾ നടന്നതായി സർക്കാർ മറുപടി നൽകി. ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു.