ആലപ്പുഴ: പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ആലപ്പുഴ ബൈപ്പാസ് ഉദ് ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. സംസ്ഥാനം അയച്ച കത്തിന് കേന്ദ്രത്തിൻ്റെ മറുപടി വൈകുന്നതിനാലാണ് നടപടി. അതേ സമയം പണി പൂർത്തിയായ ബൈപ്പാസിലെ പാലത്തിൻ്റെ ഭാര പരിശോധന തുടരുകയാണ്.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യം അറിയിച്ചറിയുന്നു . തുടർന്ന് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചു . പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കത്ത് നൽകി. എന്നാൽ മാസം പിന്നിട്ടിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല. മറുപടി ഇനിയും വൈകിയാൽ ഗതാഗത കുരുക്കു കൊണ്ട് പൊറുതിമുട്ടിയ ആലപ്പുഴക്കാർക്ക് മുഖ്യമന്ത്രി തന്നെ ബൈപ്പാസ് തുറന്ന് നൽകും.
പെരുമാറ്റം ചട്ടം നിലവിൽ വരാൻ സാധ്യത ഉള്ളതിനാൽ ഫെബ്രുവരി 5ന് മുമ്പ് ഉദ്ഘാടനം നടത്താനാണ് ആലോചന. ഇതിന് മുന്നോടിയായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എഞ്ചിനീയർമാർ ബൈപ്പാസിൽ ഭാരപരിശോധന നടത്തി. ഇതോടൊപ്പം ചെന്നൈ ഐ ഐ ടി യിൽ നിന്നുള്ള സoഘവും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും..ഇതിനു പിന്നാലെയാകും തീയതി പ്രഖ്യാപിക്കുക.
ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ലഭിക്കുന്നത് വൈകിയാല്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സ്വന്തം നിലയില്‍ ആലോചിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉദ്ഘാടനം വൈകിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും താൻ പൊതുമരാമത്ത് മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്.