രാജാക്കാട് (ഇടുക്കി): രാജാക്കാട് ടൗണിന് സമീപം ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.45-ഓടെ കത്തിനശിച്ചത്. പൂക്കുളത്ത് സന്തോഷ്, ഭാര്യ ശ്രീജ, മകന് സാരംഗ് എന്നിവരാണ് ഈ വീട്ടിലെ താമസക്കാര്‍. പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റാണ് സന്തോഷും കുടുംബവും ജീവിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് അടുപ്പിലെ തീ കുറഞ്ഞതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് കുറ്റിയുടെ അടപ്പ് തുറന്നപ്പോള്‍ ഗ്യാസ് ചോരുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. തീ പിടിച്ചതോടെ വീട് പൂര്‍ണമായി കത്തിനശിച്ചു.
തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ സന്തോഷിനെയും ശ്രീജയെയും മകന് സാരംഗിനെയും സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്കു ശേഷം അടിമാലിയിലെ പൊള്ളല്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. വീടിന്റെ മുറ്റത്തിരുന്ന ബൈക്കും തീപ്പിടിത്തത്തെ തുടര്‍ന്ന് പൂര്‍ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും ഉരുകി നശിച്ചു. അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നി രക്ഷാ സേനയെത്തി രാവിലെ ഏഴോടെ തീയണച്ചു. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.