
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത. പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന് യോഗേഷ് ഗുപ്തയുടെ രൂക്ഷ വിമർശനം. വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നൽകിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാൽ മറുപടി പൊലിസ് ആസ്ഥാനം നൽകിയില്ല. ഇതേത്തുടർന്നാണ് രൂക്ഷമായ വിമർശനം ഉന്നയിച്ച് യോഗേഷ് ഗുപ്ത റവാഡ ചന്ദ്രശേഖറിന് കത്ത് നൽകിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി യോഗേഷ് ഗുപ്ത സർക്കാരിന്റെ അപ്രീതിക്ക് പാത്രമാണ്. അദ്ദേഹം ഇപ്പോൾ ഫയർഫോഴ്സ് മേധാവി ചുമതലയാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്നും വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും വിജിലൻസ് ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പോർട്ടലിലും അപേക്ഷ നൽകിയിരുന്നു. ഇതുകൂടാതെ നേരിട്ട് കേന്ദ്ര സർക്കാരിൽ നിന്നൊരു കത്ത് മുൻ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിന് ലഭിച്ചു. വിജിലൻസ് ക്ലിയറൻസ് പോലീസ് മേധാവി നൽകണം എന്നുള്ളതായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാന പൊലീസ് മേധാവിക്ക് നൽകാൻ കഴിയുന്ന ഒന്നായിരുന്നില്ല വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ക്ലിയറൻസ് നൽകാൻ കഴിയില്ല എന്ന് പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുക്കുന്ന സമയത്താണ് ഷേയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അതിനുശേഷമാണ് പുതിയ പൊലീസ് മേധാവിയോട് വിവരാവകാശ പ്രകാരം യോഗേഷ് ഗുപ്ത വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് രഹസ്യ ബ്രാഞ്ചിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ തനിക്ക് തരാൻ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി വിവരാവകാശ ഓഫീസർ മറുപടി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലിസ് ആസ്ഥാനത്തിൻ്റെ പ്രവർത്തനം അനുദിനം താറുമാറാകുകയാണ് എന്ന് യോഗേഷ് ഗുപ്ത രൂക്ഷ വിമർശനം ഉന്നയിച്ചത്.
