
തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 19, 20, 21 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ഓഗസ്റ്റ് 20ന് വൈകുന്നേരം 4 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍, അന്തർദേശീയ ഫോട്ടോ പ്രദര്‍ശനം, ഐക്യദാര്‍ഢ്യ സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോട്ടോ പ്രദർശനം ഗാസയില്‍ ജീവാര്‍പ്പണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകർക്ക് ദേശീയ തലത്തിലുള്ള പെന്ഷന് പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാ പദ്ധതി, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണ, പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നൽകും. എല്ലാ സംസ്ഥാനങ്ങളിലും വിരമിച്ച, അര്‍ഹതയുള്ള എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെന്‍ഷനായി നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും.
കേരള സർക്കാരിന്റെ മെഡിസെപ് പോലുള്ള പദ്ധതികളില്‍ സംസ്ഥാനതലത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം, ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സി.ജി.എച്ച്.എസ്. പദ്ധതി ആനുകൂല്യം അര്‍ഹതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കണം, മുതിര്‍ന്ന പൗരര്‍ക്ക് ഉണ്ടായിരുന്നതും പിന്നീട് പിൻവലിച്ചതുമായ ട്രെയിന്‍ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കും.
വാർത്താസമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, സ്വാഗതസംഘം ചെയര്മാന് ജോണ്‍ മുണ്ടക്കയം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കരിയം രവി, സീനിയർ ജേണലിസ്റ്റ് ഫോറം- കേരള ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജെ. അജിത്കുമാർ എന്നിവർ പങ്കെടുത്തു.
