
ദില്ലി: കൃത്യം 11 മണിയോടെ ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റാകും നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. സമ്പദ്വ്യവസ്ഥയെ പിടിച്ച് നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബജറ്റ് ആരംഭിച്ചത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും കർത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിതെന്നും ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കർത്തവ്യം എന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നീ മൂന്ന് നയങ്ങളില്‍ ഊന്നിയുള്ളതാണ് ബജറ്റ്. തുടര്‍ച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന് സ്വന്തമാക്കിയിരിക്കുകയാണ്.
ആദ്യ പ്രഖ്യാപനങ്ങൾ
സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി പ്രഖ്യപിച്ചിട്ടുണ്ട്. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്ഡ്ലൂം ഹാന്‍ഡിക്രാഫ്റ്റ്, സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി, നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ എന്നീ പ്രഖ്യാപനങ്ങളാണ് തുടക്കത്തില്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി 40000 കോടി പ്രഖ്യാപിച്ചു. കൂടാതെ കണ്ടെയ്നര്‍ നിര്‍മ്മാണത്തിന് 5 വര്‍ഷത്തേക്ക് 10000 കോടിയും വിലയിരുത്തി. ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴിക്കും പദ്ധതി പ്രഖ്യാപിച്ചു.


