
ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശ് എയ്ക്കെതിരെ വൈഭവ് സൂര്യവന്‍ഷിയെ സൂപ്പര്‍ ഓവറിനായി അയയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. ദോഹയില്‍ ബംഗ്ലാദേശിനോട് സൂപ്പര്‍ ഓവര്‍ തോറ്റ് ഇന്ത്യ എ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍.
സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറില്‍ റില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. സുയഷ് ശര്‍മയുടെ ആദ്യ പന്ത് യാസിര്‍ അലി സിക്സിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കയ്യിലൊതുക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശ് വിജയം തട്ടിയെടുത്തു. സുയഷിന്റെ പന്ത് വൈഡാവുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് ജയിച്ചു.
അതിന് പിന്നാലെയാണ് വൈഭവിനെ കളിപ്പിക്കാത്തിനെ കുറിച്ച് ജിതേഷ് സംസാരിച്ചത്. ജിതേഷിന്റെ വാക്കുകള്‍… ”’ടീമില്‍ വൈഭവും പ്രിയാന്‍ഷും പവര്‍പ്ലേയില്‍ നന്നായി കളിക്കുന്നവരാണ്. അതേസമയം ഡെത്ത് ഓവറുകളില്‍ അഷുതോഷിനും രമണ്‍ദീപിനും നന്നായി കളിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സൂപ്പര്‍ ഓവര്‍ ലൈനപ്പ് ഒരു ടീം തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍, ഞാന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നു.” മത്സരശേഷം നടന്ന അവതരണ ചടങ്ങില്‍ ജിതേഷ് പറഞ്ഞു.
നേരത്തെ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 38) – ആര്യ സഖ്യം ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്തു. വൈഭവ് പുറത്തായ ശേഷം ജിതേഷ് ശര്‍മ (33), നെഹല്‍ വധേര (32) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. നമന്‍ ധിര്‍ (7), രമണ്‍ദീപ് സിംഗ് (17), അഷുതോഷ് ശര്‍മ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.


