കോഴിക്കോട് : പന്ത്രണ്ടു വയസ്സുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പൊലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ അറിയിച്ചതിനെ തുടർന്നാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്.
മകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച് സെക്സിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പിതാവിനെതിരെ കുട്ടിയുടെ പരാതി. പിതാവിന്റെ ഭീഷണിയെ തുടർന്ന് വീട്ടിൽ പറയാതിരുന്ന കുട്ടി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുട്ടിയുടെ പരാതി അധ്യാപകർ പൊലീസിൽ അറിയിക്കുന്നത്. ചൈൽഡ് ലൈൻ വഴിയെത്തിയ പരാതിയിൽ പിതാവിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നത്തിൽ കുട്ടിയെ ബലിയാടാക്കുകയാണെന്ന സംശയത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മുങ്ങുന്നത്, പിതാവിനെതിരെ ഗാർഹിക പീഡനത്തിന് കുട്ടിയുടെ മാതാവ് പരാതി നൽകിയതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കുട്ടിയുടെ പരാതി ബോധ്യപ്പെട്ടപ്പോഴേക്കും പ്രതി നാടുവിട്ടു. വിസ റദ്ദ് ചെയ്ത് പ്രതിയെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.