വാഷിംഗ്ടൺ ഡിസി : ശക്തമായ ഒഴുക്കിൽ ഒറ്റപ്പെട്ട 22കാരനായ മുങ്ങൽ വിദഗ്ധനെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കണ്ടെത്തിയ കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒഴുക്കിൽപ്പെട്ട് മുങ്ങൽ വിദഗ്ധനായ ഡിലനെ കാണാതാവുകയായിരുന്നു.
കടലിൽ ഒറ്റപ്പെട്ട അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ കരയിൽ പുരോഗമിക്കുമ്പോൾ തിരികെ കരയിലെത്താൻ ആത്മധൈര്യത്തോടെ തുഴയുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച ഇരകളെ പിന്തുടർന്ന് നീങ്ങുമ്പോൾ സ്രാവ് പോലുള്ള വലിയ മീനുകളുടെ ആക്രമണമുണ്ടായാൽ അതിനെ നേരിടാൻ തയ്യാറായിരുന്നുവെന്നും, എന്നാൽ അത് വേണ്ടി വന്നില്ലെന്നും ഡിലൻ പറഞ്ഞു.
ഡിലനെ കണ്ടെത്തുന്നതിനായി പുറപ്പെട്ട ബോട്ടിൽ കുടുംബാംഗങ്ങളോടൊപ്പം അമ്മ ടബിതാ ഗാർട്ടെൻ മെയറും ഉണ്ടായിരുന്നു. ദൈവകൃപയാൽ പ്രതീക്ഷിച്ച കോർഡിനേറ്റ്സിൽ നിന്ന് തന്നെ മകനെ കണ്ടെത്താനായെന്നും, ജീവിതത്തിലെ ഏറ്റവും ഭയാനകമായ ബോട്ട് യാത്രയായിരുന്നു അതെന്നും അവർ പറഞ്ഞു.