തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2023-24 വർഷത്തേക്കുള്ള സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ നീട്ടി. ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാൻ പാടില്ലെന്ന് ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. ആർജിതാവധി സറണ്ടർ ചെയ്യുന്നതിനു തടസ്സമില്ല.
ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ആദ്യഗഡു ശനിയാഴ്ച പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതോടെയാണ് ലീവ് സറണ്ടറിൽ നിന്നും സർക്കാർ പിൻമാറിയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി മാറ്റിവച്ചതായി ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഈ സാമ്പത്തിക വർഷത്തേക്കാൾ ഗുരുതരമായ പ്രതിസന്ധി അടുത്ത വർഷം സർക്കാർ നേരിടേണ്ടിവരുമെന്ന് ധനമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ലീവ് സറണ്ടർ തുക പണമായി നൽകാതെ പിഎഫുമായി ലയിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 4 വർഷത്തിന് ശേഷം മാത്രമേ ഇത് പിൻവലിക്കാൻ കഴിയൂ. സർവകലാശാല, കോളേജ് അധ്യാപകരുടെ ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശികയും മരവിപ്പിച്ചു.