തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച വിജയം. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്കൂളുകാരുടെ ആവശ്യം. എന്നാൽ, കൂടിയാലോചിച്ച് വേണ്ട പരിഷ്കരണങ്ങൾ നടത്താൻ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ദിവസം ഒരു ഓഫീസിൽ 40 ലൈസൻസ് ടെസ്റ്റുകൾ എന്നതിനു പകരം, ഒരു മോട്ടോർ വെഹിക്കിൾ ഓഫീസർ 40 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസർമാരുള്ള ഓഫീസുകളിൽ 80 ലൈസൻസുകൾ ഇത്തരത്തിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓരോ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും എത്ര ലേണേഴ്സ് ബാക്കിയുണ്ടെന്നുള്ള ലിസ്റ്റ് പരിശോധിക്കും. പെൻഡിങ് ഉള്ളയിടങ്ങളിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിച്ച് പൂർത്തിയാകാനുള്ളവ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന പേടി വേണ്ടെന്നും മന്തി പറഞ്ഞു. ആറു മാസം കഴിഞ്ഞാൽ ഒരു ചെറിയ ഫീസ് ഈടാക്കി അത് ദീർഘിപ്പിക്കാൻ സാധിക്കും. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വണ്ടി ലോകത്തെവിടെയും ടെസ്റ്റിന് ഉപയോഗിക്കാറില്ല. തത്കാലം സ്വന്തമായി ഒരു വാഹനത്തിലേക്ക് സർക്കാർ എത്തുകയോ അല്ലെങ്കിൽ വാടകയ്ക്കെടുക്കുന്ന ഒരു സംവിധാനത്തിലേക്കെത്തുകയോ ചെയ്യുന്നതുവരെ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം.
ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വയ്ക്കണമെന്ന ഒരു നിർദേശം ഉണ്ടായിരുന്നു. ടെസ്റ്റ് നടക്കുമ്പോൾ ഡാഷിൽ ക്യാമറ ഉണ്ടാകുമെന്നും അത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് വാങ്ങുമെന്നും മന്ത്രി പറഞ്ഞു. ഈ ഡാറ്റ മൂന്നുമാസംവരെ സൂക്ഷിക്കും. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം 15 വർഷത്തിനു താഴെ പഴക്കമുള്ളവയായിരിക്കണം എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇത് 18 വർഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് പഠനഫീസ് ഏകോപിപ്പിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കുമെന്നും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗ്യരായവർക്ക് മാത്രം ലൈസൻസ് നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനോട് ഡ്രൈവിങ് സ്കൂളുകാരും യോജിച്ചതായും മന്ത്രി വ്യക്തമാക്കി.