ചെങ്ങന്നൂർ : ക്രിസ്മസ് കാരളിലൂടെ ലഭിച്ച തുക റോഡപകടങ്ങൾ ഒഴിവാക്കാനായി കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിച്ച് കുരുന്നുകൾ. വെൺമണി ചാങ്ങമല സ്വദേശികളായ ചിമ്പു, സയൻ, കുക്കു, കൃതിക, ആരോൺ മോൻസി, ആദിത്യൻ എന്നിവർ ചേർന്നാണ് മിറർ സ്ഥാപിച്ചത്.
കുട്ടികളുടെ നന്മ, സജി ചെറിയാൻ എം.എൽ.എ ഫേസ്ബുക്കിലൂടെ പങ്കുവച്ചതോടെ ഏവരിലേക്കും എത്തുകയും ചെയ്തു. പാട്ടാലുംകുളം ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഞങ്ങൾ സ്ഥാപിച്ച മിറർ സഖാവ് അങ്കിൾ വന്ന് ഉദ്ഘാടനം ചെയ്യണമെന്നറിയിച്ച് കുട്ടികൾ എം.എൽ.എ ക്ക് കത്ത് നൽകിയിരുന്നു.
നിരവധി ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും സ്നേഹം നിറഞ്ഞതും, കൗതുകമേറിയതുമായൊരു ക്ഷണം ലഭിക്കുന്നതെന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തും, മിറർ ഉദ്ഘാടന ചിത്രങ്ങളും പങ്കു വച്ചത്.