തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
പ്രതാപ ചന്ദ്രൻ മരിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് മക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നൽകിയിരുന്നു. കെ.പി.സി.സി ഫണ്ട് വകമാറ്റിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും ആരോപണം ഉയർന്നിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം.
കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായാണ് പ്രതാപ ചന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി, എൻ.ടി.യു.സി ദേശീയ വർക്കിംഗ് സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വർഷങ്ങളോളം വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും മടങ്ങിയത്.