കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. കുടുംബം മോർച്ചറിക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. അതേസമയം, പ്രദേശത്ത് കടുവയ്ക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഊർജിതമാക്കി. ഇന്നും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഏഴു ജീവനുകളാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ നഷ്ടമായത്.
വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്കു പോയ പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു പ്രജീഷിന്റെ മൃതദേഹം.