ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്റെ തീയതി മാറ്റി. 26ന് ആയിരിക്കും മയക്ക് വെടി വെയ്ക്കുക. കുങ്കി ആനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് യോഗം.
ഇതിനിടെ അരിക്കൊമ്പനെ പിടിക്കാൻ സൂര്യ എന്ന കുങ്കി ആനയെ ചിന്നക്കനാലിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യ 13 മണിക്കൂർ സഞ്ചരിച്ച് ഇന്ന് രാവിലെ 6.30ന് ചിന്നക്കനാലിലെത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എത്തിയ വിക്രമിനൊപ്പം സിമന്റ് പാലത്താണ് സൂര്യയുമിപ്പോഴുള്ളത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യ. ടാസ്ക് ഫോഴ്സിലെ പ്രധാന അംഗങ്ങളായ കുഞ്ചുവും കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെടും.
നാല് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ പിടികൂടുന്ന ആദ്യ ദൗത്യമാണിത്. ആനയിറങ്കൽ ഡാമിലേക്ക് മയക്കുവെടിയേറ്റ് ഓടിയാൽ അരിക്കൊമ്പനെ തടയാൻ ഒരു കുങ്കി ആനയെ നിയോഗിക്കും. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 71 അംഗ ടാസ്ക് ഫോഴ്സിനെ 11 ടീമുകളായി തിരിച്ചാണ് ദൗത്യം പൂർത്തീകരിക്കുക. ദൗത്യത്തിന് മുന്നോടിയായി കുങ്കി ആനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തും. നിലവിൽ പെരിയകനാൽ പ്രദേശത്തെ ഏലത്തോട്ടത്തിലും വനത്തിലുമാണ് അരിക്കൊമ്പനുള്ളത്. സിമന്റ് പാലത്തിലേക്കും 301 കോളനിയിലേക്കും എത്തിച്ച് വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.