പത്തനംതിട്ട: പത്തനംതിട്ടയിലെ കുറുമ്പന് മൂഴിയിലെ സ്വകാര്യ കൃഷിത്തോട്ടത്തില്‍ കുട്ടിയാനയെ കണ്ടെത്തി. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിയാനയെയാണ് കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമം കൂടിയാണിത്. പ്രസവിച്ച് അധിക സമയം ആകും മുന്‍പ് കൂട്ടം തെറ്റി പോയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തര ചികിത്സയ്ക്കായി കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം പ്രദേശത്ത് ആനയുടെ സാമീപ്യം പ്രദേശവാസികള്‍ സ്ഥിരികരിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് റബ്ബര്‍ തോട്ടത്തില്‍ കുട്ടിയാന ജനിച്ചുവീണത്. ഉയര്‍ന്ന പ്രദേശമാണിത്. കുട്ടിയാന ഇവിടെ നിന്ന് താഴേക്ക് നിരങ്ങി വീണതാകാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് നാട്ടുകാര്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയാനയ്ക്ക് എഴുന്നേറ്റ് നില്ക്കാന് കഴിയുമെങ്കിലും പാല്‍കുടിക്കാത്തതിനെ തുടര്‍ന്ന് അല്പം അവശനിലയിലാണ് വനംവകുപ്പ് റാപ്പിഡ് ആക്ഷന്‍ ടീം ആനക്കുട്ടിയെ വെച്ചൂച്ചിറയിലെ വെറ്ററിനറി ക്ലിനിക്കല്‍ എത്തിച്ച് വിദഗ്ധമായ ചികിത്സ നല്കി.