കൊച്ചി : സ്വപ്നയുടെയും, സരിത്തിൻ്റെയും രഹസ്യമൊഴിയെടുത്തു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.
സി ആർ പി സി 164 പ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് സ്വപ്നയും, സരിതും മൊഴി നൽകിയത്. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നവംബർ 27 നാണ് സ്വപ്ന ഡോളർ കടത്തു കേസിൽ ശിവശങ്കറിന് മുകളിലുള്ള ഉന്നതരെ കുറിച്ച് വെളിപ്പെടുത്തിയത്.
മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ കസ്റ്റംസ് ,എ സി ജെ എം കോടതിയിൽ സമർപ്പിച്ചിരുന്നു. സ്വർണക്കടത്തിലും,ഡോളർ കടത്തിലും വമ്പൻ സ്രാവുകളുണ്ടെന്നാണ് മൊഴികളിലെ സൂചനയെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. കസ്റ്റംസ് നിയമം 108 പ്രകാരം രേഖപ്പെടുത്തിയ മൊഴികൾക്ക് പുറമെയാണ് സി ആർ പി സി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയും മൊഴിപ്പെടുത്തിയിട്ടുള്ളത്.