തിരുവനന്തപുരം: സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. സര്‍ക്കാര്‍ എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഒരു പ്രൊപ്പോസല്‍ മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്തു തന്നെയായായാലും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറയുന്നത് അംഗീകരിക്കും. വിധി കിട്ടിയ ശേഷം വിശദ പ്രതികരണം നടത്താമെന്ന് മന്ത്രി പറഞ്ഞു.