തിരുവനന്തപുരം: ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാർബിൾ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയുടെ ശിൽപി.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേത്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ്. പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഉദ്ദേശിച്ചത്. ഇല്ലായിരുന്നെങ്കില്‍ മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പറയുമായിരുന്നില്ല. ജാതിക്കും മതത്തിനും അതീതമായ മാനവിക വീക്ഷണമാണ് ഗുരു ഉദ്ദേശിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.