
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ ആവശ്യം ഉണ്ടോയെന്നും, വിസി നിയമനത്തിലെ സമവായം ഗുണം ചെയ്യില്ലെന്നുമാണ് ഏതാനും അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയത്.
സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകിയെത്തിയ മുഖ്യമന്ത്രി ഏതാനും വാക്കുകളിലാണ് വിഷയം അവതരിപ്പിച്ചത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാര്‍ട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകള്‍ക്കു ചേരുന്നതാകില്ലെന്നാണ് എതിര്‍പ്പ് ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമര്‍ശനം ഇക്കാര്യത്തിലും ഉണ്ടാകുമെന്നും അഭിപ്രായം ഉയര്‍ന്നു.
ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽനിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രിയെ എതിർത്ത നേതാക്കൾ നിലപാടെടുത്തു. യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് സൂചന. വിസി നിയമന വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ലെന്നും, സമവായം പാർട്ടി അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ഗവർണറുമായി സമവായത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒത്തുതീർപ്പിലെത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് യോഗം തീരുമാനം അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി വിസി നിയമനത്തിൽ ധാരണയിലെത്തിയത്.


