തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന് അപ്പീലിൽ പറയുന്നു. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഇത്തരത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരെ നരഹത്യക്കുറ്റം നിലനിൽക്കില്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമൻ അപ്പീലില് പറയുന്നത്. നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവുകളില്ല. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്. മാത്രമല്ല,. ഇതൊരു സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിക്കുന്നത്. കൂടാതെ തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ രീതിയിലുള്ള മാധ്യമസമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി എന്നുള്ള കാര്യമാണ് സുപ്രീം കോടതിയെ അപ്പീലിൽ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 3നാണ് കെ എം ബഷീർ ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു.
ശ്രീറാം വെങ്കിട്ടരാമിനെതിരെ പൊലീസ് ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. IPC 304, 201 കുറ്റങ്ങൾ പ്രകാരം ശ്രീറാമിനെ വിചാരണ ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. നരഹത്യാക്കുറ്റം ചുമത്തിയ മുന്നൂറ്റിനാലാം വകുപ്പിലെ രണ്ടാം ഖണ്ഡിക ശ്രീറാമിനെതിരെ നിലനിൽക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു. മനപൂർവമായി കൊല്ലണമെന്ന ഉദ്ദേശമില്ലെങ്കിലും തന്റെ കുറ്റകരമായ പ്രവർത്തി വഴി ഒരാൾ കൊല്ലപ്പെടാമെന്ന ബോധ്യം പ്രതിക്കുണ്ടായിരുന്നുവെന്നാണ് ഇതിലുളളത്. അമിത വേഗത്തിൽ വാഹനമോടിച്ച ശ്രീറാമിനെതിരെ ഈ നരഹത്യാക്കറ്റം ചുമത്താവുന്നതാണ്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റവും വിചാരണ ചെയ്യപ്പെടേണ്ടതാണ്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിന്റെ അഭാവത്തിൽ മദൃപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചുവെന്നതും സ്ഥാപിക്കാനായിട്ടില്ല. പ്രഥമദൃഷ്ട്യാ തന്നെ ശ്രീറാമിന്റെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്.