തിരുവനന്തപുരം: അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോൾതന്നെ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടകസമിതിക്ക് മന്ത്രിസഭ രൂപംനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായത്. തലസ്ഥാന നഗരം ജനസമുദ്രമായിത്തീര്‍ന്നു. ഈ പരിപാടി ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഘടിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ ചെറിയ സമയത്തിനുള്ളിൽ ഒരു പരിപാടി വേഗത്തില്‍ സംഘടിപ്പിക്കുമ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, ആ ആശങ്കകളെയെല്ലാം അകറ്റി കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് ഉറക്കെപ്രഖ്യാപിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
സ്വാഭാവികമായ ചില ചെറിയ പിഴവുകളടക്കം തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റ് നാടുകളില്‍നിന്ന് പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിജയം നമുക്ക് പ്രചോദനമാകും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ശ്രമം. ഇപ്പോള്‍ ബഹിഷ്കരിച്ച് നില്ക്കുന്നവരോട് അടുത്ത തവണ അത് തുടരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരെ ഉപദേശിക്കാം. കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനുമുന്നിൽ നിരവധി കാര്യങ്ങളില്‍ അനുകരണീയമായ മാതൃക എന്ന നിലയിക്ക് തലയുയര്‍ത്തി നില്ക്കാന് നമുക്ക് സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ജീവിതനിലവാര സൂചികകള്‍, ആരോഗ്യ-വിദ്യാഭ്യാസ സൂചികകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നിലവാരമളക്കുന്ന മിക്ക മാനദണ്ഡങ്ങളിലും സംസ്ഥാനം മുന്‍പന്തിയിലാണ്. ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നമ്മെ തേടിയെത്തി, മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരമൊരു പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു പരിപാടി ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. ഇത് ധൂര്‍ത്താണെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ, നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെ ആകണമെന്ന ആന്വേഷണത്തെയും അതിന് വേണ്ടിവരുന്ന ചെലവിനെയും ധൂര്‍ത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനം നേരിടുന്നത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ മാത്രമായി ചുരുങ്ങി. ഈ വര്‍ഷം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാ അനുപാതത്തിലും 57400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അര്‍ഹതപ്പെട്ട വായ്പാ അനുമതിയില്‍ 19000 കോടി രൂപ നിഷേധിച്ചു. ഈ പ്രശ്നങ്ങള്‍ക്കിടയിലും ക്ഷേമപദ്ധതിയില്‍ നിന്ന് പിന്മാറാന് തയ്യാറല്ല. വികസന, ക്ഷേമ പ്രവര്ത്തമങ്ങള്ക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യത്തിലേക്ക് നയിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.