ലഖ്നൗ: ലൈംഗികാതിക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട പതിനേഴുകാരിയുടെ കാലുകളും കൈയും അറ്റു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ബറേലിയിലെ സി.ബി. ഗഞ്ജ് പോലീസ് സ്റ്റേഷന് പരിധിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് നിരവധി പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പെണ്‍കുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഖരൗവ റെയില്‍വേ ക്രോസിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.പെണ്‍കുട്ടിയെ വിദഗ്ധചികിത്സക്കായി പിന്നീട് മറ്റൊരാശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുനീക്കിയതായി ആശുപത്രി ഡയറക്ടര്‍ ഡോ. ഒ.പി. ഭാസ്കര്‍ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് ഒരു കൈയും നഷ്ടമായി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.