
മനാമ: അധ്യയന വർഷത്തിൻ്റെ തുടക്കത്തിന് മുന്നോടിയായി ബഹ്റൈനിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത വകുപ്പ് അധികൃതർ നടപടി തുടങ്ങി.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷയ്ക്കുള്ള നടപടികളുമായി രക്ഷിതാക്കൾ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കൾ ഗതാഗത നിയമങ്ങൾ പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി തിരക്കേറിയ മേഖലകളിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ആവശ്യമായ നടപടികൾ ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അപകടമുണ്ടാക്കുന്ന ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
