സനാ: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ആക്ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ കഴിയുന്നത്. യമനിലെ നിയമമനുസരിച്ച് ഇരയുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും.
മരിച്ച തലാലിന്റെ കുടുംബം ചർച്ചയ്ക്ക് തയ്യാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരം) നൽകേണ്ടി വരുമെന്നും യമൻ ജയിൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.