കൊച്ചി: ഇന്ന് കൊച്ചിയിൽ നടന്ന കോൺഗ്രസിൻ്റെ വഴി തടയൽ സമരത്തോട് പ്രതികരിച്ചതിൻ്റെ പേരിൽ വിവാദത്തിലായ നടൻ ജോജു ജോർജ് (actor joju george) മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കോൺഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സംഘർഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ നേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചത് മദ്യപരിശോധന നടത്തിയത്. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു