
തിരുവനന്തപുരം: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും രാജ്യസുരക്ഷയ്ക്ക് എതിരായ വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു.
കശ്മീരിൻ്റെ ചരിത്രത്തിൻ വിനോദ സഞ്ചാരികൾക്ക് എതിരെ നടന്ന എറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഇന്ന് നടന്നത്. കശ്മീരിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ആണ് നടക്കുന്നത്. ആ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തതും അതിക്രൂരമായ ആക്രമണ രീതിയും വലിയ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ പഹൽഗാമിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണം. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രാജ്യത്തുണ്ടായത്. ഭീകരവാദികളെ അമർച്ച ചെയ്യാനും രാജ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
കശ്മീരിലുള്ള മലയാളികളുടെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. മലയാളികൾ എല്ലാം സുരക്ഷിതർ എന്നാണ് ഇപ്പോഴത്തെ വിവരം. അടിയന്തര സാഹചര്യം ഉണ്ടായാൽ ഡൽഹി കേരള ഹൗസുമായി കോ-ഓർഡിനേറ്റ് ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. മലയാളികളെ മടക്കി കൊണ്ട് വരാനും അടിയന്തര ഇടപെടൽ ഉണ്ടാകും. ടി.സിദ്ധിഖ്, മുകേഷ്, കെ.പി.എ മജീദ്, ആൻസലയൻ എന്നീ എംഎൽഎമാരും നിയമസഭാ ജീവനക്കാരും കശ്മീരിൽ ഉണ്ട്. അവരുമായും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫോണിൽ സംസാരിച്ചു.
