മെക്സിക്കോ: ഇന്റർനെറ്റിൽ ആളുകൾ പല ഊഹാപോഹങ്ങളും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും പങ്കിടാറുണ്ട്. പക്ഷേ, ഒരു രാജ്യത്തിന്റെ പ്രസിഡന്റ് അത് ചെയ്യുമോ? മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോർ അത്തരമൊരു ചിത്രം പങ്കിട്ടിരിക്കുകയാണ്. അതിൽ മരത്തിൽ ഇരിക്കുന്ന ഒരു വിചിത്ര ജീവിയെ കാണാൻ കഴിയും. ഒറ്റനോട്ടത്തിൽ പേടിച്ചുപോകുന്ന രൂപമാണ്.
ചിത്രം പങ്കുവെച്ചുകൊണ്ട് പ്രസിഡന്റ് എഴുതി, ‘മായൻ പുരാണത്തിലെ അല്യൂക്സ് എന്ന ജീവിയാണിത്’. പോസ്റ്റ് അതിവേഗം വൈറലായി. 28 ലക്ഷത്തിലധികം ആളുകളാണ് ട്വീറ്റ് കണ്ടത്. അനവധിപേർ അത് ലൈക്ക് ചെയ്യുകയും ചെയ്തു. ഇതേക്കുറിച്ച് പല ചർച്ചകളും ഉടനടി നടന്നു. മായ ട്രെയിൻ പദ്ധതിയിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയറാണ് മൂന്ന് ദിവസം മുമ്പ് ഈ ചിത്രം എടുത്തതെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണെന്ന് മറ്റുചിലർ പറയുന്നു. പുതിയതാണെന്ന് പറഞ്ഞ് പ്രസിഡന്റ് പോസ്റ്റ് ചെയ്ത ചിത്രം യഥാർത്ഥത്തിൽ ഫെബ്രുവരി 21ന് എടുത്തതാണെന്നും അവർ പരാമർശിച്ചു.
മായൻ വിശ്വാസമനുസരിച്ച് അതിമാനുഷിക ജീവികളാണ് അല്യൂക്സുകൾ. വനത്തിലും വയലുകളിലുമാണ് ഇവ വസിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ, ഈ ജീവികൾ മനുഷ്യരെ കളിപ്പിക്കാനായി ഒരുപാട് വികൃതികൾ കാണിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അവർ ആളുകളെ കബളിപ്പിക്കുകയും അവരുടെ സാധനങ്ങൾ എടുത്ത് ഒളിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും കരുതപ്പെടുന്നു. ഇന്നും ആളുകൾ അവരെ പ്രസാദിപ്പിക്കാൻ നേർച്ചകൾ അർപ്പിക്കുന്നതുൾപ്പെടെ പല കാര്യങ്ങളും ചെയ്യുന്നു.