മനാമ: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് കാർഷിക ചന്ത ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫി, നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, ലേബർ ഫണ്ട് (തംകീൻ) ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് മഹാ മൊഫീസ്, നോർത്തേൺ ഗവർണർ അലി അൽ അസ്ഫൂർ തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ പങ്കാളിത്തത്തോടെ, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്.
ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ വർഷംതോറും നടക്കുന്ന മാർക്കറ്റ് പ്രാദേശിക കാർഷിക വിഭവങ്ങൾ വാങ്ങാനുള്ള അവസരമാണ് നൽകുന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെ നടക്കുന്ന കാർഷിക ചന്ത എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ തുറന്നിരിക്കും. ഇത്തവണ 31 കർഷകരും നാല് കാർഷിക കമ്പനികളും അഞ്ച് നഴ്സറികളും നാല് എപ്പിയറികളും നാല് ഈന്തപ്പന കൃഷിയിൽ വിദഗ്ധരായവരും, കൂടാതെ 20 ഓളം കാർഷിക കുടുംബങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 70,000ത്തിലധികം പേർ മാർക്കറ്റ് സന്ദർശിക്കുകയും 265 ടൺ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിച്ചതായും സംഘാടക സമിതിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
കാർഷിക ലബോറട്ടറികളുടെ വികസനം, പ്രാദേശിക കർഷകർക്ക് പിന്തുണ നൽകൽ, കാർഷിക നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ സീസണൽ കർഷക വിപണിയിലൂടെ കർഷകർക്ക് വിപണനം നടത്തൽ, ആലിയിലെ സ്ഥിരം കാർഷിക മാർക്കറ്റ് എന്നിവ ഉൾപ്പെടെ ബഹ്റൈനിലെ പ്രാദേശിക കാർഷിക മേഖല വികസിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.