മനാമ: ബഹ്റൈന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 109 കിലോമീറ്റർ നീളമുള്ള മെട്രോപദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ, ഇന്ത്യ, ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് കൺസോർഷ്യങ്ങളാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്.
ഏകദേശം 29 കി.മീ ദൈർഘ്യമുള്ള ആദ്യഘട്ടം രണ്ട് ഇന്റർചേഞ്ചുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകളടങ്ങിയതാണ്. മുഹറഖ്, കിങ് ഫൈസൽ ഹൈവേ, ജുഫെയർ, ഡിപ്ലോമാറ്റിക് ഏരിയ, സീഫ് ഡിസ്ട്രിക്ട്, സൽമാനിയ, അധാരി, ഇസ ടൗൺ എന്നിങ്ങനെ ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലക്കാകും നിർമാണച്ചുമതല. മെട്രോ രൂപകൽപന, നിർമ്മിക്കുക, നിക്ഷേപം നടത്തുക, പദ്ധതി കൈകാര്യം ചെയ്യുക, പരിപാലിക്കുക എന്നിവയടക്കമുള്ള കാര്യങ്ങൾ 35 വർഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.
രാജ്യത്തുടനീളമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്യുക എന്നിവ മെട്രോ വഴി സാധ്യമാക്കാമെന്നാണ് കരുതുന്നത്. തിരക്ക് ഒരുപരിധി വരെ മെട്രോ നടപ്പാക്കപ്പെടുന്നതോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. മെട്രോ ട്രാക്ക് നിർണയിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി കഴിഞ്ഞുവെന്നും ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.