മനാമ: കഴിഞ്ഞ 10 ദിവസത്തിനിടെ ബഹ്റൈനിൽ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കൊവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്.
രാജ്യത്തെ വൈറസ് മൂലമുള്ള മരണനിരക്ക് കുറയുന്നതായും ഗുരുതരാവസ്ഥായിൽ ഉള്ളവരുടെ എണ്ണം കുറയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. 0.75 ശതമാനമാണ് നിലവിലെ രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മേഖലയിലെ മറ്റു രാജ്യങ്ങളിൽ ഇപ്പോഴും വൈറസ് മൂലം മരണപെടുന്നവരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്.
ഖത്തറിലും ജൂലൈ 28ന് ശേഷം കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍ ജൂലൈ 30 മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 32 മരണങ്ങള് സംഭവിച്ചു. സൗദി അറേബ്യയില്‍ 94 മരണങ്ങളും ഒമാനില്‍ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈത്തില്‍ 57 പേരാണ് ഇക്കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
