
കോഴിക്കോട്: പോലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ചു.
കോഴിക്കോട് നഗരത്തിൽ മുതലക്കുളത്ത് കമ്മീഷണർ ഓഫീസിനോട് ചേർന്നുള്ള ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പോലീസിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല. രാത്രി 8:45 വരെ ജീവനക്കാർ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തിലെത്തിപ്പോഴാണ് ഭണ്ഡാരങ്ങൾ നഷ്ടപ്പെട്ടത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്.
ഡോഗ്സ്കോഡ് ഉൾപ്പെടെ എത്തി നടത്തിയ പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽനിന്ന് രണ്ടു ഭണ്ഡാരങ്ങൾ പുല്ലുകൊണ്ട് മൂടിയ നിലയിൽ കണ്ടെടുത്തു. സിറ്റി ഫിംഗർപ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സുധീറാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പണം മാറ്റിയതിനാൽ ഭണ്ഡാരത്തിൽ പണമുണ്ടായിരുന്നില്ല. പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തിലെത്തിച്ചേർന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷവും ഇവിടെ മോഷണം നടന്നിരുന്നു.
