സംസാരിക്കരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന വിദ്യാർഥിയുടെ വായിൽ ടേപ്പ് ഒട്ടിച്ച് ടീച്ചർ. ബ്രാഡി എന്ന കുട്ടിയുടെ വായിലാണ് ടേപ്പ് ഓടിച്ചത്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്മിത്ത്ഫീല്‍ഡ് മിഡിൽ സ്കൂളിലാണ് സംഭവം. വായിൽ ടേപ്പ് ഒട്ടിച്ച ചിത്രം കുട്ടി അമ്മ കാതറീന് അയച്ചുകൊടുത്തു. സ്കൂളിലെ മറ്റ് കുട്ടികളാണ് ഇത് ചെയ്തതെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് ഇത് ചെയ്തത് അധ്യാപികയാണെന്ന് വ്യക്തമായത്.
തുടർന്ന് കാതറിൻ സ്കൂളിലെ പ്രധാനാധ്യാപികയായ ലഷുന്ദ ഫൈസണ് പരാതി നൽകി. മുമ്പും ടീച്ചർ കുട്ടികളോട് ഇതുപോലെ ചെയ്യാറുണ്ടെന്ന് കാതറിൻ പറയുന്നു. കുട്ടികളുടെ കൈകളും ഇതുപോലെ ടേപ്പ് വച്ച് ഒട്ടിച്ചിട്ടുള്ളതായി പറയുന്നു. തന്റെ മകൻ കൂടുതൽ സംസാരിക്കുന്ന ഒരാളാണെന്ന് കാതറിൻ സമ്മതിക്കുന്നു. എന്നാൽ ടീച്ചർ നൽകിയ ശിക്ഷ വളരെ മോശമാണെന്ന് കാതറിൻ പറയുന്നു. എന്നാൽ സംഭവത്തിന് ശേഷം അധ്യാപിക സ്കൂളിൽ നിന്ന് രാജിവച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.