
മനാമ: നമ്മുടെ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെടുകയും അവശതയയനുഭവിക്കുകയും ചെയ്യുന്നവരെ ചേർത്തുപിടിക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് നാമോരോരുത്തരുടെയും ബാധ്യതയാണ്. ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യയിലിന്ന് 2.3 കോടി ഭിന്നശേഷിക്കാരും 2.1 കോടി മാനസികരോഗങ്ങളുള്ളവരും 1.2 കോടി പാലിയേറ്റീവ് സേവനങ്ങൾ ആവശ്യമുള്ളവരുമുണ്ട്. പ്രതിവർഷം 2 ലക്ഷം രോഗികൾക്കാണ് പുതുതായി ഡയാലിസിസ് ആവശ്യമായി വരുന്നത്. ഇതിനെല്ലാം പുറമേ 19 കോടിയോളം മനുഷ്യജന്മങ്ങൾ നമ്മുടെ തെരുവുകളിൽ വിശന്ന വയറുമായി അന്തിയുറങ്ങുന്നുണ്ട്.
പല കാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യ നിവാസികളിലേക്ക് ജാതി-മത ഭേദമന്യേ ചെന്നെത്തുകയും അവരെ മാന്യമായ ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ‘തണൽ’ ലക്ഷ്യമിടുന്നത്. 2008 ൽ വടകരയിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ‘തണൽ’ ആരംഭിച്ചത്. 14 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ, 214 കേന്ദ്രങ്ങളിലായി പ്രതിദിനം 75,000 ലധികം മനുഷ്യ ജീവിതങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു പ്രസ്ഥാനമായി മാറാൻ ‘തണലി’നു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 65 ഡയാലിസിസ് സെന്ററുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരിറ്റി ഡയാലിസിസ് നെറ്റ്വർക്ക് രൂപീകരിക്കാനും ‘തണലി’ന് സാധിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തും തദ്ദേശീയരെ ഉൾചേർത്തുകൊണ്ട് സമിതികൾ രൂപീകരിച്ചും ഉത്തരവാദിത്തം നൽകിയുമുള്ള പ്രവർത്തന ശൈലിയാണ് ‘തണൽ’ തെരഞ്ഞെടുത്തിട്ടുള്ളത്. നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതര സംഘങ്ങളോട് സഹകരിച്ചും അവരെ ശക്തിപ്പെടുത്തിയുമാണ് ‘തണൽ’ പ്രവർത്തിക്കുന്നത്. 2030 ഓടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ളതും ദിനംപ്രതി 10 ലക്ഷം ജീവിതങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതുമായ ഒരു സാമൂഹ്യ പ്രസ്ഥാനമായി മാറാനാണ് ‘തണൽ’ ആഗ്രഹിക്കുന്നത്.

തണലി’നെ പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ സംഘങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മികച്ച മനുഷ്യ വിഭവശേഷിയുടെ ദൗർലഭ്യതയാണ്. ഈ ആവശ്യം കൂടി മുൻനിർത്തിയാണ് ‘തണലി’ന്റെ അടുത്തൊരു സംരംഭമായ റിഹാബ് യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിക്കുന്നത്. കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. റിഹാബിലിറ്റേഷൻ മേഖലയിലെ വിവിധ ട്രേഡുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, പി എച്ച് ഡി കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കൽ വിംഗ്, അക്കാഡമിക് വിംഗ്, റിസർച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിൻറെ പ്രവർത്തനം ഉണ്ടാവുക. കോഴ്സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതനുസരിച്ച് സ്ഥാപനം ഒരു യൂണിവേഴ്സിറ്റിയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്.
ഈ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 30 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 4 മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. 5 ലക്ഷം സ്ക്വയർ ഫീറ്റുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2023 ൽ ആരംഭിച്ച് 2025ൽ പൂർത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്നത്
ജാതി-മതഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം നന്മേച്ഛുക്കളുമാണ് ഇതുവരെ ‘തണലി’ന്റെ പദ്ധതികൾ ഏറ്റെടുത്ത് സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലും ഇത്തരം സഹകരണം തന്നെയാണ് ‘തണൽ’ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് 7.30 ന് (22 ഡിസംബർ വ്യാഴം) മനാമ കെ എം സി സി ഹാളിൽ വെച്ച് ചേരുന്ന തണൽ പൊതു യോഗത്തിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പത്ര സമ്മേളനത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രീസ് , തണൽ ബഹ്റൈൻ ആക്ടിങ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ട്രഷററും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ നജീബ് കടലായി, വൈസ് പ്രസിഡന്റ് ശ്രീജിത് കണ്ണൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ റഫീക്ക് അബ്ദുള്ള, മുജീബ് റഹ്മാൻ, രക്ഷാധികാരികളായി അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ എന്നിവർ പങ്കെടുത്തു.
