തെന്മലയില് 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. തെന്മല ഒറ്റക്കല്‍ കുരിശുംമൂടിന് സമീപത്തായാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഇവിടെയുള്ള ഒരു വീട്ടിലേക്ക് ചോറ് ചോദിച്ചുകൊണ്ടെത്തിയ സ്ത്രീ അടുത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
ചോറും കൊണ്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ ഇവര്‍ അവിടെ നിന്നും കടന്നു. തുടര്‍ന്നാണ് അടുത്ത വീട്ടിലെ കുട്ടിയെ ഇവര്‍ കൈയില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ടത്. കുട്ടി ബഹളം വച്ചതോടെ വീട്ടുകാരും നാട്ടുകാരും ഓടിക്കൂടുകയും ശേഷം ഇവരെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ഇവരെ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസിന് അതില്‍ നിന്നും 62,000 രൂപയും ആഭരണങ്ങളും കിട്ടിയിട്ടുണ്ട്. ആഭരണങ്ങള്‍ സ്വര്ണമാണോയെന്നു പരിശോധനയിലേ വ്യക്തമാകൂ. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഇവരില്‍ നിന്നും കണ്ടെടുത്ത ആധാര്‍ കാര്‍ഡിലാണ് സ്ത്രീയുടെ പേര് ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്നതാണെന്ന് മനസിലാകുന്നത്. എന്നാല്‍ തന്റെ പേര് കമല എന്നാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.