ചെന്നൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ, ദ്വീപ് രാജ്യത്തിന് അരിയും അവശ്യമരുന്നുകളും വിതരണം ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെടെ പ്രമേയം സഭ ഐകകണ്ഠേന പാസാക്കി. തമിഴ്നാട് നിയമസഭയിൽ പാസാക്കിയ പ്രമേയത്തെയും തമിഴ്നാട്ടിലെ ജനങ്ങൾ ശ്രീലങ്കയ്ക്ക് നൽകുന്ന സഹായത്തെയും ബിജെപി സംസ്ഥാന ഘടകം സ്വാഗതം ചെയ്തു.
ഗവൺമെന്റിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനു പുറമേ, എഐഎഡിഎംകെയുടെ ഉപനേതാവ് ഒ പനീർശെൽവം ശ്രീലങ്കൻ തമിഴർക്കുള്ള സഹായമായി 50 ലക്ഷം രൂപയും വ്യക്തിപരമായും വാഗ്ദാനം ചെയ്തു. സാധനങ്ങൾ അയക്കാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യപ്പെട്ട് നേരത്തെ നൽകിയ അപേക്ഷകളിൽ തമിഴ്നാടിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ അടിവരയിട്ടു.
അയൽക്കാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ‘അയൽപക്കത്തിന് ആദ്യം’ എന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടർന്നതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ശ്രീലങ്കൻ ജനങ്ങളെ സഹായിക്കാൻ തമിഴ്നാട് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ പ്രമേയത്തിൽ ശ്രീലങ്കക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ പരാമർശിക്കാത്തതിനെ ബി.ജെ.പി അധ്യക്ഷൻ വിമർശിച്ചു. കേന്ദ്രം ശ്രീലങ്കക്ക് ഇതിനോടകം നൽകിയിട്ടുള്ളതും നൽകാനിരിക്കുന്നതുമായ കാര്യങ്ങൾ പ്രമേയത്തിൽ ഇല്ലാത്തത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
