തമിഴ്നാട്: പുതുവർഷത്തിൽ തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം സ്ഥിതി ചെയ്യുന്ന പുതുപ്പട്ടിയിലെ പടക്ക നിർമാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നകലപുരം സ്വദേശികളായ കുമാർ (46),ശെൽവം (50),പെരിയ സ്വാമി(55) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. 10 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പടക്ക നിർമാണശാലയുടെ ഉടമ ശിവകാശി സ്വദേശി മുരുകനാണ്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 10 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ചികിത്സയിലാണ്. ഏഴ് മുറികൾ പൂർണമായും തകർന്നു. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
തീ അണയ്ക്കാൻ ശിവകാശിയിൽ നിന്നും വത്തരിയരുപ്പിൽ നിന്നും അഗ്നിശമനസേനയുടെ 20 വാഹനങ്ങൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ നത്തംപാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
